"എല്ലാം കോംപ്ലിമെന്റ്സ്'; രാഹുൽ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തി
Tuesday, February 18, 2025 7:00 PM IST
ന്യൂഡൽഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂർ എംപിയുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ചർച്ച പൂർത്തിയായി. സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.സി.വേണുഗോപാലും പങ്കെടുത്തു.
രാഹുലിനെ കണ്ട ശേഷം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്ന് തരൂർ ദേശീയ നേതൃത്വത്തെ അറിയിച്ചു.
ശശി തരൂരിന്റെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചകൾക്ക് ശേഷം പത്ത് ജൻപഥിന്റെ പിൻവശത്തെ ഗേറ്റ് വഴിയാണ് തരൂർ മടങ്ങിയത്. പ്രശ്നങ്ങൾ സങ്കീർണമാകാതെയുള്ള അനുനയ ചർച്ചയാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിൽ പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം വൻ നേട്ടങ്ങൾ കൈവരിച്ചെന്ന് തരൂര്‍ ഏഴുതിയതാണ് വിവാദമായത്. തുടർന്ന് സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.