റൂട്ട് ക്ലീയറാക്കി അസറുദ്ദീൻ; കേരളം ഡ്രൈവിംഗ് സീറ്റിൽ
Tuesday, February 18, 2025 6:07 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം അതിശക്തമായ നിലയിലേക്ക്. രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന നിലയിലാണ്.
സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീന് (149), ആദിത്യ സര്‍വാതെ (10) എന്നിവരാണ് ക്രീസില്‍. 303 പന്തുകൾ നേരിട്ട മുഹമ്മദ് അസറുദ്ദീൻ 17 ഫോറുകൾ സഹിതമാണ് 149 റൺസെടുത്തത്. ആദിത്യ സർവാതെ 22 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തു.
രണ്ടാം ദിനം 88 ഓവർ ക്രീസിൽ നിന്ന കേരളത്തിന് മൂന്നു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. തുടക്കത്തിൽ തന്നെ സച്ചിൻ ബേബിയെ (69) നഷ്ടമായെങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
സല്മാന് നിസാര്‍ (52) റൺസ് നേടി. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.