മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Tuesday, February 18, 2025 5:24 PM IST
മലപ്പുറം: കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിൽ (എംസിഎഫ്) തീപിടിത്തം. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴയ്ക്ക് സമീപമുള്ള എംസിഎഫിനാണ് തീപിടിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അപകടസമയം എട്ട് ഹരിതകർമ സേനാംഗങ്ങൾ എംസിഎഫിനകത്ത് ഉണ്ടായിരുന്നു.
പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.