അർധസെഞ്ചുറിയുമായി സൽമാൻ മടങ്ങി; സെഞ്ചുറിയോടെ ക്രീസിലുറച്ച് അസ്ഹർ, 350 കടന്ന് കേരളം
Tuesday, February 18, 2025 3:25 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരേ കേരളം മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 317 റൺസെന്ന നിലയിലാണ് സന്ദർശകർ.
വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെയും സൽമാൻ നിസാറിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് കേരളം 350 കടന്നത്. 237 പന്തിൽ 14 ബൗണ്ടറികൾ ഉൾപ്പെടെ 121 റൺസെടുത്ത അസ്ഹറുദ്ദീൻ ക്രീസിലുണ്ട്. ഏഴു റൺസുമായി അഹമ്മദ് ഇമ്രാനാണ് ഒപ്പമുള്ളത്.
രണ്ടാംദിനം കളി ആരംഭിച്ചതിനു പിന്നാലെ കേരളത്തിന് നായകൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. തലേന്നത്തെ സ്കോറിനോട് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാകാതെയാണ് സച്ചിൻ മടങ്ങിയത്. 195 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് സച്ചിന്റെ ഇന്നിംഗ്സ്. നാലിന് 157 റൺസ് എന്ന നിലയിൽ നിന്ന് സ്കോർ 200 കടത്തിയ ശേഷമാണ് സച്ചിന്റെ മടക്കം.
പിന്നാലെ ക്രീസിൽ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും ചേർന്ന് അതിവേഗം സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ആറാംവിക്കറ്റിൽ 149 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അർധസെഞ്ചുറിക്കു തൊട്ടുപിന്നാലെ സൽമാൻ (52) മടങ്ങിയതോടെ കേരളം ആറിന് 355 റൺസെന്ന നിലയിലായി.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രൻ (30), രോഹന് കുന്നുമ്മൽ (30), അരങ്ങേറ്റ താരം വരുണ്‍ നായർ (10), ജലജ് സക്സേന (30) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം കേരളത്തിനു നഷ്ടമായത്. ഗുജറാത്തിനു വേണ്ടി എ. നാഗ്വാസ്വല്ല രണ്ടും ആർ.എം. ബിഷ്ണോയി, പി.എൻ. ജഡേജ, വിശാൽ ബി. ജയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.