രഞ്ജി സെമി: മുംബൈക്കെതിരേ വിദര്‍ഭ 383 റൺസിനു പുറത്ത്, ശിവം ദുബെയ്ക്ക് അഞ്ചുവിക്കറ്റ്
Tuesday, February 18, 2025 12:23 PM IST
നാഗ്പുർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈയ്ക്കെതിരേ വിദർഭയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാംദിനം 383 റൺസിന് വിദർഭ പുറത്തായി.
ധ്രുവ് ഷോറെ(74), ഡാനിഷ് മലേവാര്‍ (79), വൈ.വി. റാത്തോഡ് (54) എന്നിവരുടെ അര്‍ധസെഞ്ചുറികളും മലയാളി താരം കരുൺ നായർ (45), നായകൻ അക്ഷയ് വഡ്കർ (34) എന്നിവരുടെ പ്രകടനവുമായി വിദര്‍ഭക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മുംബൈയ്ക്കായി 49 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയുടെ ബൗളിംഗ് പ്രകടനമാണ് വിദർഭയെ ഒരു പരിധി വരെ തടുത്തു നിർത്തിയത്. ഷംസ് മുലാനി, റോയ്സ്റ്റണ്‍ ഡയസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ശാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 19 റൺസെന്ന നിലയിലാണ്. ഒമ്പതു റൺസെടുത്ത ആയുഷ് മഹാത്രെയുടെ വിക്കറ്റാണ് നഷ്ടമായത്. എട്ടു റൺസുമായി ആകാശ് ആനന്ദും റണ്ണൊന്നുമെടുക്കാതെ സിദ്ധേഷ് ലാഡുമാണ് ക്രീസിൽ.