പാതിവില തട്ടിപ്പ്: ജസ്റ്റീസ് രാമചന്ദ്രനെതിരെ കേസെടുത്തതിൽ വിമർശനവുമായി ഹൈക്കോടതി
Tuesday, February 18, 2025 12:14 PM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി ഹൈക്കോടതി. നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനസ് അർപ്പിച്ചാണോ പോലീസ് കേസെടുത്തതെന്നും കോടതി ചോദിച്ചു.
ഒരു പാരതി കിട്ടിയാൽ ആ പരാതിയിൽ ഒരാൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് ആയാളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തേണ്ട്. അല്ലാതെ ഒരാളുടെ പേര് കിട്ടിയാൽ അപ്പോൾ തന്നെ എഫ്ഐആറിൽ ഉൾപ്പെടുത്തേണ്ടതില്ല. ഇക്കാര്യത്തിൽ സാഹചര്യവും നിജസ്ഥിതിയും പരിശോധിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പാതിവിലയ്ക്ക് ലാപ്ടോപ്, സ്കൂട്ടര്‍ അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതു സംബന്ധിച്ച് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്ജസ്റ്റീസ് രാമചന്ദ്രന് നായര്‍ മൂന്നാം പ്രതിയാണ്.
അങ്ങാടിപ്പുറത്തെ കെഎസ്എസ് പ്രസിഡന്റ് ഡാനിമോന്‍, ജനറല്‍ സെക്രട്ടറി സുനില്‍ ജോസഫ് എന്നിവര്‍ നല്കിയ പരാതിയില്‍ കെ.എന്‍. ആനന്ദകുമാര്‍ ഒന്നാം പ്രതിയും നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയാണ് ജസ്റ്റീസ് രാമചന്ദ്രൻ നായരെന്ന് പരാതിയിൽ പറയുന്നു.