കാര്യവട്ടത്തെ റാഗിംഗ്; ഏഴ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Tuesday, February 18, 2025 11:39 AM IST
തിരുവനന്തപുരം: കാര്യവട്ടം ഗവ കോളജിലെ റാഗിംഗിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്, പാര്ഥന്, അലന്, ശ്രാവണ്‍, സല്മാന് എന്നിവർക്കെതിരെയാണ് നടപടി.
ഒന്നാം വർഷ ബിരുദ വിദ്യാർഥി ബിൻസിന്റെ പരാതിയിലാണ് ഇവർക്കെതിരേ നടപടിയെടുത്തത്. പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 11ന് കോളജ് കാന്പസില് സീനിയര്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. ഇതിനിടെ ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റു.
ഇതിന് പിന്നാലെ രണ്ട് കൂട്ടരും കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചു എന്നായിരുന്നു ബിന്‍സ് പ്രിന്‍സിപ്പലിന് നല്കിയ പരാതി.
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി. മുതുകിലും മുഖത്തും അടിച്ചു. തുപ്പിയ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. റാഗിംഗ് നടന്നെന്ന കോളജ് അധികൃതരുടെ കണ്ടെത്തലിന് പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.