നരഭോജികൾ നരഭോജികൾ തന്നെ; തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്റർ
Tuesday, February 18, 2025 10:23 AM IST
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിന് പിന്നാലെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്റർ. "നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ തങ്ങളുടെ പ്രിയ സഹോദരങ്ങളാണെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽനിന്നാണ് നരഭോജി പ്രയോഗം തരൂർ നീക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്.
എന്നാൽ രണ്ടാമതിട്ട പോസ്റ്റില്‍ നരഭോജി, സിപിഎം തുടങ്ങിയ പരാമര്‍ശങ്ങൾ ഇല്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് തരൂർ ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ പരാമർശിച്ചതും വൻ വിവാദമായിരുന്നു.