മഹാരാഷ്ട്രയിൽ എൻഡിഎയിൽ പോര്: 20 ശിവസേന എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ പിൻവലിച്ചു
Tuesday, February 18, 2025 8:00 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഭരണ മുന്നണിയായ എൻഡിഎയിൽ പോര്. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും തമ്മിലുള്ള പോര് ദിവസം കഴിയുംതോറും മൂർഛിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിന് കാരണമെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച 20 ഷിൻഡെ വിഭാഗം എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പിൻവലിച്ചത് പോര് കൂടുതൽ കടുക്കുകയാണെന്ന സൂചനകളാണ് തരുന്നത്. ചില ബിജെപി എംഎൽഎമാരുടേയും അജിത് പവാറിന്റെ എൻസിപി എംഎൽഎമാരിൽ ചിലരുടേയും വൈ പ്ലസ് സുരക്ഷ ഇത്തരത്തിൽ പിൻവലിച്ചുണ്ടെങ്കിലും ശിവസേന എംഎൽഎമാരെ ലക്ഷ്യം വച്ചാണ് ഈ നടപടിയെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.
ഒരേ മുന്നണിയിലാണെങ്കിലും ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും തമ്മിൽ കടുത്ത ഭിന്നതയാണ് ഓരോ വിഷയങ്ങളിലും ഉള്ളത്. കൂട്ടായി ചേരേണ്ട മന്ത്രിസഭാ യോഗങ്ങൾ പോലും പലപ്പോഴും നടക്കുന്നില്ല. മഹായുതിയിലുള്ള ഭിന്നത ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ മഹാവികാസ് അഘാടി തുടങ്ങിയിട്ടുണ്ട്.