കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ്; പ്രിൻസിപ്പാളിനും അസി. പ്രഫസർക്കും സസ്പെൻഷൻ
Friday, February 14, 2025 11:24 PM IST
കോട്ടയം: നഴ്സിംഗ് കോളജിലെ റാഗിംഗിൽ കോട്ടയം ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പാളിനെയും അസി. പ്രഫസറെയും സസ്പെന്റുചെയ്തു. റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെയും അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.
അതിനിടെ കോട്ടയത്തെ നഴ്സിംഗ് കോളജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിംഗ് ദൃശ്യങ്ങളുടെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്.
വീഡിയോ മുഴുവൻ കാണാൻ പോലും കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.