ബാറ്റിംഗ് മറന്ന് ഓസീസ്; ലങ്കയ്ക്ക് രണ്ടാം ജയവും പരമ്പരയും
Friday, February 14, 2025 5:57 PM IST
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 174 റൺസിന്റെ വന്പൻ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സര പരമ്പര ലങ്ക തൂത്തുവാരി.
ആദ്യം ബാറ്റിംഗിനിങ്ങിയ ശ്രീലങ്ക 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടടത്തിൽ 281 റൺസ് അടിച്ചുകൂട്ടി. കുശാൽ മെൻഡിസിന്റെ സെഞ്ചുറി നേട്ടമാണ് ലങ്കൻ പടയെ മികച്ച സ്കോറിലെത്തിച്ചത്. 115 പന്തിൽ 101 റൺസാണ് മെൻഡിസ് അടിച്ചെടുത്തത്. മെൻഡിസാണ് മാൻ ഓഫ് ദ മാച്ച്.
ശ്രീലങ്കയ്ക്കായി 78 റൺസെടുത്ത് അസലങ്കയും 51 റൺസ് എടുത്ത് നിഷാൻ മധുഷ്കയും തിളങ്ങി. ഓസ്ട്രേലിയക്കായി ആരോൺ ഹാർഡി, ആദം സാംപ, മാത്യു ഷോർട്ട്, സീൻ അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വിഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ നിര 24.2 ഓവറിൽ 107 റൺസ് മാത്രമെടുത്ത് ഓൾ ഔട്ടാകുകയായിരുന്നു. ഓസ്ട്രേലിയക്കായി നായകൻ സ്റ്റീവൻ സ്മിത്ത് (29), ട്രാവിസ് ഹെഡ് (18), ജോഷ് ഇംഗ്ലിഷ് (22) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ലങ്കയ്ക്കായി ദുനിത് വെല്ലെലഗെ നാലും അഷിതാ ഫെർണാണ്ടോ, വാനിൻഡു ഹസരങ്ക എന്നിവർ മൂന്ന് വീതം വിക്കറ്റുകളും നേടി.