വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം
Friday, February 14, 2025 12:02 PM IST
ചെന്നൈ: തമിഴഗ വെട്രി കഴഗം അധ്യക്ഷനും നടനുമായ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.
രണ്ട് കമാൻഡോകൾ ഉൾപ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. തമിഴ്നാടിനുള്ളിൽ മാത്രമേ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്റലിജന്റ്സ് ബ്യൂറോ സർക്കാരിന് സമർപ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മാർച്ച് ആദ്യവാരം വിജയ് തമിഴ്നാട്ടിലുടനീളം റോഡ് ഷോ നടത്തുമെന്ന് സൂചനയുണ്ട്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.
വിജയ്യുടെ വരാനിരിക്കുന്ന യാത്രയുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തെ തല്ലണമെന്ന് ചിലർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.