ഋഷഭ് പന്തിനെ രക്ഷിച്ച യുവാവ് അത്യാസന്ന നിലയിൽ; കാമുകി വിഷം കഴിച്ചു മരിച്ചു
Friday, February 14, 2025 7:39 AM IST
ലക്നോ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വാഹനാപകടത്തിൽ പെട്ടപ്പോൾ രക്ഷകനായെത്തിയ രജത് കുമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞ ദിവസമാണ് രജത് കുമാറിനെയും കാമുകി മനു കശ്യപിനെയും ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപ് മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
25കാരനായ രജത്തും മനു കശ്യപും തമ്മിലുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എന്നാൽ രജത് മകളെ തട്ടിക്കൊണ്ടുപോയി വിഷം കുടിപ്പിച്ചതാണെന്ന് മനു കശ്യപിന്റെ മാതാവ് ആരോപിച്ചു. 2022 ഡിസംബറിൽ ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപെട്ട് താരത്തിന് ഗുരുതരമായി പരുക്കേറ്റപ്പോൾ ആദ്യം ഓടിയെത്തിയ രണ്ടു പേരിൽ ഒരാളാണ് രജത് കുമാർ. ഇതോടെ യുവാവ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.
ഡൽഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, ഋഷഭ് പന്ത് ഓടിച്ച കാർ റൂർക്കിയിൽ വച്ച് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അടുത്തുള്ള ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന യുവാക്കളാണ് തീപിടിച്ച കാറിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വലിച്ചു പുറത്തിട്ടത്. ജീവൻ രക്ഷിച്ച യുവാക്കൾക്ക് ഋഷഭ് പന്ത് അടുത്തിടെ സ്കൂട്ടര്‍ സമ്മാനിച്ചിരുന്നു.