ഡ്യൂട്ടി സമയത്ത് മദ്യപാനവും കൈക്കൂലി പണം പങ്കിടലും; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Friday, February 14, 2025 4:35 AM IST
തൃശൂര്‍: ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേരെ സസ്പെന്റുചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡിഐജി എം.സി. സാബു, സബ് രജിസ്ട്രാർമാരായ സി.ആർ. രജീഷ് , രാജേഷ് കെ.ജി., അക്ബർ പി.എം., രാജേഷ് , ജയപ്രകാശ് എം.ആർ. എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടലിൽനിന്ന് പുറത്തേക്കുവരുന്നതിനിടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.
കണക്കില്‍പ്പെടാത്ത 33050 രൂപ ഇവരുടെപക്കൽനിന്ന് കണ്ടെത്തി. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു.