പിതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; മകൻ അറസ്റ്റിൽ
Friday, February 14, 2025 12:22 AM IST
ന്യൂഡൽഹി: പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണ് സംഭവം.
കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്നും ഇറക്കിവിടുമോയെന്ന ഭയത്താലാണ് യുവാവ് പിതാവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവത്തിൽ മകൻ ലുവ് ഭരദ്വാജിനെയും ഒരാളെയും പോലീസ് പിടികൂടി. ഒരാൾ ഒളിവിലാണ്. 67 കാരനായ രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി.
പിതാവ് ജനുവരി 28 ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പിതാവിനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പോലീസിനോട് പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, രമേശ് ഭരദ്വാജിനെ അവസാനമായി കണ്ടത് അദ്ദേഹത്തിന്റെ പഴയ വേലക്കാരനായ ജിതേന്ദ്രയോടൊപ്പമാണെന്ന് കണ്ടെത്തി.
പോലീസ് സംഘം ജിതേന്ദ്രയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെയും കണ്ടെത്താനായില്ല. കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ മകൻ വിശാലിനെയും കാണാതായെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്തി.
തുടർന്ന് മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി പോലീസ് വിശാലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താനും അച്ഛൻ ജിതേന്ദ്രയും ചേർന്ന് രമേശ് ഭരദ്വാജിനെ കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ഗൂഢാലോചന നടത്തിയത് രമേശിന്റെ മകൻ ലുവ് ഭരദ്വാജാണെന്നും വിശാൽ പോലീസിന് മൊഴി നൽകി.
പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് രമേശ് ഭരദ്വാജിന് മകൻ ലുവിനോട് ദേഷ്യമായിരുന്നു. മകനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കാൻ അയാൾ തീരുമാനിച്ചിരുന്നു. ഇതിനായി ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ രമേശ് പരാതിയും നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുടുംബത്തോടൊപ്പം വീട് വിട്ട് പോകേണ്ടിവരുമെന്ന് ലവ് ഭരദ്വാജ് ഭയപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഭയം മൂലമാണ് പിതാവിനെ കൊല്ലാൻ അയാൾ ഗൂഢാലോചന നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ലുവ് ഭരദ്വാജിനെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. വിശാൽ പോലീസ് കസ്റ്റഡിയിലാണ്. പ്രധാന പ്രതിയായ ജിതേന്ദ്രയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.