നരേന്ദ്ര മോദി ഇലോൺ മസ്കുമായി ചർച്ച നടത്തി
Thursday, February 13, 2025 11:37 PM IST
വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായിയും യുഎസ് സർക്കാർ ഏജൻസി ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവനുമായ ഇലോൺ മസ്കുമായി ചർച്ച നടത്തി.
വാഷിംഗ്ടണിലെ ബ്ലെയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. കുടിയേറ്റ പ്രശ്നമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.
നേരത്തെ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്സ്, യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയോടെയാണ് മോദി വാഷിംഗ്ടണിലെത്തിയത്.
നരേന്ദ്രമോദിയും ഇലോണ്‍ മസ്കും തമ്മിലുള്ള കൂടിക്കാഴ്ച ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. മോദിയുടെ 2015 ലെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ടെസ്ല പ്ലാന്റ് സന്ദര്‍ശിച്ചതും മസ്കുമായുള്ള ചർച്ചയും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.