ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി; ക്രൂരകൃത്യം കോടതിയിൽ വിവരിച്ച് സാക്ഷി
Thursday, February 13, 2025 2:15 PM IST
കൊല്ലം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരമാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ഇന്നു നടന്നത്. പ്രതി സന്ദീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കി.
കൃത്യം നടക്കുമ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. പ്രതിയെയും കൃത്യത്തിന് ഉപയോഗിച്ച ആയുധവും സാക്ഷി തിരിച്ചറിഞ്ഞു.
ഡോ. വന്ദനദാസ് ആക്രമിക്കപ്പെട്ട സംഭവം കോടതിമുറിയിൽ ഡോ. മുഹമ്മദ് ഷിബിൻ വിവരിച്ചത് വിതുമ്പിക്കൊണ്ടായിരുന്നു. പുലർച്ച അഞ്ചിനാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും കുടവട്ടൂർ സ്വദേശിയായ പ്രതി സന്ദീപും രണ്ട് സമീപവാസികളും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തുന്നത്. പ്രതിയുടെ കാലുകളിൽ മുറിവുണ്ടായിരുന്നതിനാൽ കാഷ്വൽറ്റിയിലെ പ്രൊസീജ്യർ റൂമിലേക്ക് മാറ്റുകയായിരുന്നു.
അവിടെ വച്ച് സന്ദീപ് കൂടെയെത്തിയയാളെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ഒരാളുടെ തലയിൽ കത്രികയുപയോഗിച്ച് കുത്തുകയും ചെയ്തു. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും ആംബുലൻസ് ഡ്രൈവറെയും ആക്രമിച്ചു. തുടർന്നാണ് കാഷ്വൽറ്റിയിലെ പ്രൊസീജ്യർ റൂമിലേക്കെത്തിയ ഡോ. വന്ദനദാസിനെ പ്രതി ആക്രമിച്ചത്.
പ്രൊസീജ്യർ റൂമിൽനിന്നുള്ള നിലവിളികേട്ടാണ് കാഷ്വാൽറ്റിയിലെ ഫാർമസിക്കുസമീപം നിന്ന ഷിബിൻ അവിടേക്ക് ഓടിയെത്തുന്നത്. അവിടെവെച്ച് പ്രതി സന്ദീപ് വന്ദനയുടെ ഇടതുകൈയിൽ പിടിച്ചുനിർത്തി ഒരടിയോളം നീളമുള്ള സർജിക്കൽ കത്രിക ഉപയോഗിച്ച് തലയിലും പുറത്തും കുത്തുകയായിരുന്നു.
പെട്ടെന്ന് ഷിബിൻ വന്ദനയെ കാലിൽ പിടിച്ചുവലിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആ സമയം കഴുത്തിലും പുറത്തും തലയിലും ആഴത്തിലുള്ള മുറിവേറ്റിരുന്ന വന്ദന നടക്കാനും ശ്വാസമെടുക്കാനും പ്രയാസമുള്ളതായി പറഞ്ഞു. തുടർന്ന്, വന്ദനയെ പുറത്തുണ്ടായിരുന്ന പോലീസ് വാഹനത്തിൽ കൊട്ടാരക്കരയിലുള്ള വിജയ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, വന്ദനദാസ് മരിച്ചതായും ഷിബിൻ മൊഴിനൽകി.
വന്ദനയുടെ അച്ഛൻ മോഹൻദാസും ഇന്ന് കോടതിയിൽ എത്തിയിരുന്നു. മകൾക്ക് നീതി കിട്ടും വരെ പോരാടുമെന്ന് മോഹൻദാസ് പ്രതികരിച്ചു. 131 സാക്ഷികൾ ഉള്ള കേസിൽ 50 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുന്നത്.