ഒടുവിൽ തീരുമാനമായി; കോഹ്ലിയല്ല, ആർസിബിയെ രജത് പാട്ടിദാർ നയിക്കും
Thursday, February 13, 2025 1:14 PM IST
ബംഗളൂരു: ഐപിഎൽ 2025 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ രജത് പാട്ടിദാർ നയിക്കും. ഇന്ന് രാവിലെ 11.30ന് ചേര്‍ന്ന ആർസിബി മാനേജ്മെന്റ് യോഗത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ ഐപിഎല്ലിൽ ബംഗളൂരുവിന്റെ എട്ടാമത്തെ ക്യാപ്റ്റനാകും 31കാരനായ പാട്ടിദാർ.
ഇക്കഴിഞ്ഞ മെഗാ ലേലത്തിനു മുന്‍പ് നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ ടീം റീലിസ് ചെയ്തിരുന്നു. പകരം വിരാട് കോഹ്ലിയെ നായകനാക്കാനായിരുന്നു ടീം മാനേജ്മെന്റ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നായകനാകാൻ താരം വിസമ്മതിച്ചതോടെയാണ് നായകസ്ഥാനത്തേക്ക് പാട്ടിദാറിനെ തെരഞ്ഞെടുത്തത്. സീനിയര്‍ താരം കൃണാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ക്യാപ്റ്റനാകും. ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപ മുടക്കിയാണ് പാട്ടിദാറിനെ ടീമിൽ നിലനിർത്തിയത്. ആര്‍സിബി ജേഴ്സിയില്‍ ഇതുവരെ 27 മത്സരങ്ങൾ കളിച്ച താരം 158.85 സ്ട്രൈക്ക് റേറ്റിൽ 799 റണ്‍സും നേടി.
ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആർസിബിയുടെ ക്യാപ്റ്റനാവുമോയെന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏൽപ്പിച്ചാൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു പാട്ടിദാറിന്റെ പ്രതികരണം.