പാതിവില തട്ടിപ്പ് കേസിൽ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ
Wednesday, February 12, 2025 10:50 PM IST
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ മലപ്പുറത്ത് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തിരൂർ വാക്കാട് സ്വദേശിയായ പാലക്ക വളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് (45) എന്നയാളാണ് അറസ്റ്റിലായത്.
തിരൂർ പോലീസ് ആണ് റിയാസിനെ അറസ്റ്റ് ചെയ്തത്. ആൽ ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ആൽ ഫൗണ്ടേഷൻ തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഇടനിലക്കാരനാണ് അറസ്റ്റിലായ പ്രതി. ഇതോടെ പതിവില തട്ടിപ്പിൽ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.