പഞ്ചാബിലും ആംആദ്മി പാർട്ടി തകർച്ചയിലേയ്ക്കാണ് പോകുന്നത്: തരുൺ ചുഗ്
Wednesday, February 12, 2025 4:37 PM IST
ന്യൂഡൽഹി: പഞ്ചാബിലും ആംആദ്മി പാർട്ടി തകർച്ചയിലേയ്ക്കാണ് പോകുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ആംആദ്മി സർക്കാരിലും പാർട്ടിയിലും പ്രതിസന്ധിയാണെന്നുള്ളതിന് തെളിവാണ് കേജരിവാൾ കഴിഞ്ഞ ദിവസം വിളിച്ച അടിയന്തര യോഗമെന്നും തരുൺ ചുഗ് പറഞ്ഞു.
"ഡൽഹി നഷ്ടപ്പെട്ടതിന് ശേഷം ആംആദ്മി പാർട്ടി ആശങ്കയിലാണ്. പ്രത്യേകിച്ച് പഞ്ചാബിലെ എംഎൽഎമാരും നേതാക്കളും. എത്രയും പെട്ടെന്ന് മുങ്ങുന്ന കപ്പലിൽ നിന്ന് പുറത്തു ചാടാനാണ് അവർ ശ്രമിക്കുന്നത്.'- തരുൺ ചുഗ് കുറ്റപ്പെടുത്തി.
പഞ്ചാബ് സർക്കാർ എല്ലാ മേഖലകളിലും പരാജയമാണെന്നും ചുഗ് കുറ്റപ്പെടുത്തി. സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേജരിവാൾ ഏകാധിപതിയാണെന്നും പഞ്ചാബിലെ നേതാക്കളെയെല്ലാം അദ്ദേഹം അടിമകളായിട്ടാണ് കാണെന്നുന്നതെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.