ഫോമിലെത്തി കോഹ്ലി, കത്തിക്കയറി ഗിൽ; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച തുടക്കം
Wednesday, February 12, 2025 3:15 PM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ആതിഥേയർ. 78 റൺസുമായി ശുഭ്മൻ ഗില്ലും എട്ടുറൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ.
ഒരു റണ്ണെടുത്ത നായകൻ രോഹിത് ശർമയുടെയും 52 റൺസെടുത്ത വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു. രണ്ടാമോവറിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി. മാർക്ക് വുഡിന്റെ പന്തിൽ ഫിൽ സാൾട്ടിന് പിടികൊടുത്തു മടങ്ങുകയായിരുന്നു.
പിന്നാലെ ക്രീസിൽ ഒന്നിച്ച വിരാട് കോഹ്ലിയും ശുഭ്മൻ ഗില്ലും ചേർന്ന് അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. തകർപ്പൻ ഷോട്ടുകളിലൂടെ ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് അറിയിച്ച കോഹ്ലി സിക്സറോടെയാണ് അർധസെഞ്ചുറി തികച്ചത്.
55 പന്തിൽ ഏഴു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. അർധസെഞ്ചുറിക്കു പിന്നാലെ ആദിൽ റഷീദിന്റെ പന്തിൽ സാൾട്ടിനു ക്യാച്ച് നല്കി കോഹ്ലി മടങ്ങുകയും ചെയ്തു.
അതേസമയം, 59 പന്തിൽ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.