നെന്മാറ ഇരട്ടക്കൊലപാതകം; പോലീസ് വീഴ്ച സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
Wednesday, February 12, 2025 11:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വീഴ്ച അടിയന്തരപ്രമേയമായി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നെന്മാറയില് കൊലക്കേസ് പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെത്തി ഇരട്ടക്കൊലപാതകം നടത്തിയതില്‍ പോലീസിന് വീഴ്ച ഉണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്കിയ എന്‍.ഷംസുദ്ദീന് എംഎല്‍എ പറഞ്ഞു.
ജാമ്യവ്യവസ്ഥ ലംഘിച്ച് ഒന്നരമാസം പ്രതി അവിടെ താമസിച്ചത് എങ്ങനെയാണ്. പോലീസിന് അവിടെ എന്തായിരുന്നു പണിയെന്നും എംഎല്‍എ ചോദിച്ചു. തങ്ങളെ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്ന് പ്രതിക്കെതിരേ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല.
പോലീസ് വീഴ്ചയാണ് സുധാകരന്റെയും ലക്ഷ്മിയുടെയും മരണത്തിലേക്ക് നയിച്ചത്. സുധാകരന്റെ രണ്ട് കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.