പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തയാൾ പിടിയിൽ
Wednesday, February 12, 2025 3:12 AM IST
തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തയാൾ പിടിയിൽ. ഐര സ്വദേശി ബിനു ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളാണെന്ന് ഉറപ്പായതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ മദ്യലഹരിയിൽ കയറിയതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. ബിനുവിനെതിരെ വിഴിഞ്ഞം - പാറശാല സ്റ്റേഷനുകളിൽ മോഷണക്കേസുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തപ്പോഴും മദ്യലഹരിയിലായിരുന്നതിനാൽ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ല.
കൂടുതൽ ചോദ്യം ചെയ്യുന്നതിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടിച്ച് തകർത്തതെന്തിനാണെന്നതടക്കം വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പാറശാല–വെള്ളറട റോഡിൽ പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഓഫീസിൽ ശനി രാത്രി ആണ് അക്രമം നടന്നത്.
കോൺഫറൻസ് ഹാളിലെ സീലിംഗ്, സെക്രട്ടറിയുടെ മുറിയിലെ ഫർണിച്ചർ, മറ്റു മൂന്നു മുറികൾ, ഗ്ലാസ് പാർട്ടിഷൻ തുടങ്ങിയവ കമ്പി കൊണ്ട് തകർത്തിട്ടുണ്ട്. ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒദ്യോഗിക വാഹനത്തിന്റെ വശത്തെ രണ്ട് ചില്ലുകൾ പൊട്ടിച്ചു മുൻവശത്ത് കല്ലുകൊണ്ട് ഇടിച്ച നിലയിലായിരുന്നു.