മിൽക്കിപുർ മണ്ഡലം എസ്പിയിൽ നിന്ന് തിരിച്ചുപിടിച്ച് ബിജെപി
Saturday, February 8, 2025 4:17 PM IST
ലക്നോ: ഉത്തർപ്രദേശിലെ മിൽക്കിപുർ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. ബിജെപി സ്ഥാനാർഥി ചന്ദ്രബാനു പാസ്വാൻ 61710 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സമാജ്വാദി പാർട്ടിയുടെ അജിത് പ്രസാദാണ് രണ്ടാമതെത്തിയത്.
ചന്ദ്രബാനു പാസ്വാൻ 146397 വോട്ട് നേടിയപ്പോൾ അജിത് പ്രസാദ് 84687 വോട്ടാണ് നേടിയത്. ആസാദ് സമാജ് പാർട്ടിയുടെ സന്തോഷ് കുമാർ 5459 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
മണ്ഡലത്തിലെ എംഎൽഎയായിരുന്ന എസ്പി നേതാവ് അവധേഷ് പ്രസാദ് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം എസ്പിയിൽ നിന്ന് തിരിച്ചുപിടിക്കാനും ബിജെപിക്കായി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിന്നാണ് അവധേഷ് പ്രസാദ് വിജയിച്ചത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.