ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി സുരേഷ് ഗോപി മാറിയെന്ന് ബിനോയ് വിശ്വം
Sunday, February 2, 2025 3:59 PM IST
തിരുവനന്തപുരം: ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തെ അവഹേളിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ പറ്റി ബിജെപി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെയും ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂര്‍വം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന.