അണ്ടർ19 വനിതാ ട്വന്റി20 ലോകകപ്പ്: കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
Sunday, February 2, 2025 3:14 PM IST
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 82-10, ഇന്ത്യ 84-1.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർ ഗോംഗാഡി തൃഷ ഒരുക്കിയത്. തൃഷ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയുടെ വിജയം അനായാസമായി.
ടീം സ്കോർ 36ൽ നിൽക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജി. കമാലിനി എട്ട് റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാൽക്കെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. തൃഷ 33 പന്തിൽ 44 റണ്‍സും സനിക 22 പന്തിൽ 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 23 റണ്‍സെടുത്ത സിക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.
ജെമ്മ ബോത്ത 16 റണ്‍സും ഫേ കൗളിംഗ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ കരാബോ മീസോ പത്ത് റണ്‍സും നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആയുഷി ശുക്ലയും വൈഷ്ണവി ശർമയും പരുണിക സിസോദിയയും രണ്ട് വിക്കറ്റ് വീതം നേടി.