മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ; നടിയുടെ പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
Sunday, February 2, 2025 8:58 AM IST
ആലുവ: മുകേഷ് എംഎൽഎക്കെതിരായ പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പോലീസ് കേസെടുക്കുകയായിരുന്നു.