സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം; ഇ.പി.ജയരാജനും പി.പി.ദിവ്യക്കും വിമർശനം
Sunday, February 2, 2025 5:18 AM IST
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യക്കും രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാപരമായ വീഴ്ചയും ഭരണപരമായ വീഴ്ചയും പറ്റിയെന്ന വിമർശനവും ഉയർന്നു.
ഇ.പിയെപോലുള്ള മുതിർന്ന നേതാവിന് നിരന്തരം വീഴ്ചകൾ സംഭവിക്കുന്നത് പാർട്ടിയെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനിടയാക്കി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി.ദിവ്യയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കി.
സദുദ്ദേശ്യപരമെന്ന് ന്യായം പറയാമെങ്കിലും പാർട്ടിപ്രവർത്തകരിൽ പോലും ഇതിൽ എതിർപ്പ് ഉണ്ടാക്കിയെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട മുൻ ജില്ലാ കമ്മറ്റി അംഗം പി.പി. ദിവ്യ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നില്ല.