കേരളം പിന്നോക്കമെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാം; സംസ്ഥാനത്തെ ആക്ഷേപിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
Saturday, February 1, 2025 8:18 PM IST
ന്യൂഡൽഹി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. വിദ്യാഭ്യാസത്തിലും റോഡിലും സാമൂഹിക അവസ്ഥയിലും പിന്നാക്കമാണെന്ന് ആദ്യം പറയണമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
പിന്നോക്കമാണെന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. തുടർന്ന് ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചോ എന്ന ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
അതേസമയം കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്.
കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്‍കിട പദ്ധതികൾ ഒന്നും തന്നെയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.