നിര്‍മല ധരിച്ചത് മധുബനി ചിത്രകലയുള്ള സാരി; സമ്മാനിച്ചത് പത്മശ്രീ ജേതാവ് ദുലാരി ദേവി
Saturday, February 1, 2025 11:21 AM IST
ന്യൂഡൽഹി: ബജറ്റ് അവതരണദിനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ധരിക്കുന്ന സാരി ഏവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇതിലൂടെ തന്റെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാനും നിർമലയ്ക്ക് സാധിക്കാറുണ്ട്.
ഇത്തവണയും പതിവു തെറ്റിക്കാതെ വൈവിധ്യമായ ഡിസൈനിലുള്ള സാരി ധരിച്ചാണ് നിർമല ബജറ്റ് അവതരണത്തിന് എത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്. ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്ണക്കരയാണുള്ളത്.
ഫാഷൻ ചോയിസിന് പുറമേ സാരിക്ക് പിന്നിൽ പത്മശ്രീ അവാർഡ് ജേതാവ് ദുലാരി ദേവിക്കും മധുബനി കലയ്ക്കുമുള്ള ആദരവും കൂടിയുണ്ട്. ബിഹാറിലെ മിഥില ആർട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രി ദുലാരി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അന്ന് ദുലാരി ദേവി നിർമല സീതാരാമന് ഈ സാരി സമ്മാനിക്കുകയും ബജറ്റ് അവതരണദിനത്തിൽ ധരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
മധുബനി സാരി ധരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തൽ. 2025 അവസാനത്തോടെ ബിഹാറിൽ തെഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ മേഖലകളിൽ ബിഹാറിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന്റെ സൂചനയാണിതെന്നും അഭിപ്രായമുയരുന്നുണ്ട്.