നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി
Saturday, February 1, 2025 10:59 AM IST
കോട്ടയം: നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്.
ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു.
വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.