വീടിന് തീപിടിച്ച് വൃദ്ധ ദന്പതികൾ മരിച്ച സംഭവം കൊലപാതകം; പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് മകൻ
Saturday, February 1, 2025 10:34 AM IST
ആലപ്പുഴ: മാന്നാറിൽ വീടിനു തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകം. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ മകൻ വിജയൻ കുറ്റം സമ്മതിച്ചു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവർക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.