വയനാട് പുനരധിവാസം, വിഴിഞ്ഞം: കേന്ദ്ര ബജറ്റിൽ കേരളത്തിനു പ്രതീക്ഷകളേറെ
Saturday, February 1, 2025 9:31 AM IST
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളത്തിനും പ്രതീക്ഷകളേറെ.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5,000 കോടി, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ 4,500 കോടി അനുവദിക്കണമെന്നും തീരദേശ ശോഷണം നേരിടാൻ 2329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.