"സ്കൂൾ ശുചിമുറിയിലെ ക്ലോസറ്റില്‍ നക്കിച്ചു': ജീവനൊടുക്കിയ 15കാരൻ ക്രൂരറാഗിംഗിന് ഇരയായെന്ന് കുടുംബം
Friday, January 31, 2025 1:08 PM IST
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ 15കാരന് മിഹിര്‍ അഹമ്മദ് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കുട്ടി ക്രൂരമായ റാഗിംഗിന് ഇരയായെന്ന് കുടുംബം. സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം.
മകന്റെ മരണശേഷം സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് കുട്ടി നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും ക്ലോസറ്റ് നക്കിപ്പിക്കുകയും ചെയ്തു.
ഇനി ഒരു വിദ്യാര്‍ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ കളിയാക്കിയെന്നും അമ്മാവന് മുഹമ്മദ് ഷെരീഫ് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക ശാരീരിക പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു.
ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിറിനെ ഏറെ വേദനിപ്പിച്ചിരുന്നു. സ്കൂളില്‍നിന്ന് വന്ന ശേഷം കുട്ടി പലപ്പോഴും കരയുമായിരുന്നുവെന്നും മുഹമ്മദ് ഷെരീഫ് പറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സ്കൂള്‍ അധികൃതരുടെ മൊഴിയെടുക്കും
സംഭവത്തില്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതരുടെ മൊഴി ഇന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് രേഖപ്പെടുത്തും. മൊഴിയെടുക്കുന്നതിനായി ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളില്‍ പോലീസ് ഇന്ന് പരിശോധന നടത്തി. ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മിഹിര്‍. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഗ്ലോബല്‍ പബ്ലിക് സ്കൂള്‍
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നാണ് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ പറയുന്നത്. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്കൂള്‍ അധികൃതര്‍ സംസാരിച്ചിരുന്നു. അവര്‍ കൈമാറിയ സ്ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്കൂള്‍ അധികൃതര്‍ തന്നെ പോലീസിന് നല്കി.
ആരോപണ വിധേയരായ വിദ്യാര്‍ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്കൂള്‍ മാനേജ്മെന്റ് സംസാരിച്ചിരുന്നു. റാഗിംഗിനെതിരേ ശക്തമായ നിലപാടാണ് സ്കൂള്‍ മാനേജ്മെന്റിനുള്ളത്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സ്കൂളിനാവില്ലെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് തൃപ്പൂണിത്തുറയിലെ താമസസ്ഥലത്തെ ഫ്ളാറ്റിന്റെ 26-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസില്‍ താമസിക്കുന്ന സലീം - റജ്ന ദമ്പതികളുടെ മകനാണ്. സംഭവത്തിനു പിന്നാലെ മകന് ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി.