പിടിവിട്ട് സ്വർണക്കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ, 62,000 രൂപയിലേക്ക്
Friday, January 31, 2025 12:27 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. പവന് 61,000 രൂപ കടന്ന് പുതിയ നാഴികക്കല്ലിലെത്തി. പവന് ഒറ്റയടിക്ക് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 61,840 രൂപയിലും ഗ്രാമിന് 7,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,385 രൂപയായി.
സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച സ്വർണവില സർവകാല റിക്കാർഡിലേക്ക് കുതിച്ചുയർന്നിരുന്നു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് വർധിച്ചത്. പിന്നാലെ വ്യാഴാഴ്ച 120 രൂപയും വർധിച്ച ശേഷമാണ് ഇന്ന് ഒറ്റയടിക്ക് 61,000 പിന്നിട്ടത്.
ഈമാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. പിന്നീട് റിക്കാര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ച 120 രൂപ കുറയുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപയും പിന്നാലെ 60,000 രൂപയും കടക്കുകയും ചെയ്തു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 2,796 ഡോളറിലായി സര്‍വകാല റിക്കാര്‍ഡിലാണ്.
രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8,000 രൂപയ്ക്ക് അടുത്ത് എത്താം.
അതേസമയം വെള്ളിയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.