രണ്ട് വയസുകാരിയുടെ കൊലപാതകം; അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് പോലീസ്
Friday, January 31, 2025 11:04 AM IST
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്.സുദര്ശനന്. കുട്ടിയുടെ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും ഫോണ്‍ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കും. ഇവരുടെ വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കും.
പ്രതിയുടെ മൊഴിയിലുള്ള കാര്യങ്ങള്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക.
നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മർദിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.