ഒന്നര ശതകവുമായി സൽമാന്റെ ഒറ്റയാൾ പോരാട്ടം; കേരളം 351 റൺസിനു പുറത്ത്
Friday, January 31, 2025 11:00 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരേ കേരളം ഒന്നാമിന്നിംഗ്സിൽ 351 റൺസിനു പുറത്ത്. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ ആറാമനായി ഇറങ്ങി അവസാന വിക്കറ്റ് വരെ ഒറ്റയാൾ പോരാട്ടം നയിച്ച സൽമാൻ നിസാറിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്.
ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിൽ രണ്ടാംദിനം ക്രീസിലിറങ്ങിയ കേരളത്തിനു വേണ്ടി അവസാന വിക്കറ്റിൽ സൽമാനും വൈശാഖ് ചന്ദ്രനും ചേർന്ന് പടുത്തുയർത്തിയ 70 റൺസിന്റെ കൂട്ടുകെട്ടാണ് 350 കടത്തിയത്.
236 പന്തിൽ നിന്ന് 15 ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ 150 റൺസെടുത്ത സൽമാൻ നിസാർ അവസാന വിക്കറ്റായി മടങ്ങുകയായിരുന്നു. വൈശാഖ് ചന്ദ്രൻ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.
ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിംഗ്, ഗുലാം റബ്ബാനി, സച്ചിൻ കുമാർ സിംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അഭിഷേക്, ഗാനി, വൈ.പി. യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.