ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നാം ചെയ്യേണ്ട കർത്തവ്യങ്ങളുടെ അടിയന്തര സ്വഭാവം ഓർമപ്പെടുത്തുന്നു: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Thursday, January 30, 2025 3:48 PM IST
മാവേലിക്കര: മഹാത്മാഗാന്ധി നേതൃത്വം നൽകിയ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളിൽ നിന്നും ധാർമികതയിൽ നിന്നും വർത്തമാന കാലഘട്ടത്തിലെ ഭാരത മക്കൾ അകലേക്ക് മാറിപ്പോകുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭാ മാവേലിക്കര ഭദ്രാസനാധിപനും കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാനുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
ഭയം, വിദ്വേഷം, വിഭജനം, അക്രമം എന്നിവയിലേക്ക് നയിക്കുന്ന വർഗീയ ഫാസിസത്തിന്റെ വർധിച്ചുവരുന്ന ഭീഷണിക്ക് രാജ്യം സാക്ഷ്യംവഹിക്കുന്നു. മനുഷ്യത്വത്തിന്റെയും മാനവ സേവയുടെയും മനുഷ്യനന്മയുടെയും മഹത്തായ സന്ദേശമാണ് മഹാത്മജി പകർന്ന് നൽകിയത്. നാനാത്വത്തില് ഏകത്വം എന്ന മുഖമുദ്രയുള്ള ഭാരതത്തോട്, 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ് മഹാത്മാ ഗാന്ധിയെന്നും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയേഴാം വാർഷിക ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദേശീയ ഐക്യത്തിന്റെയും, സാമുദായിക സൗഹാർദത്തിന്റെയും, അഹിംസയുടെയും, സമാധാനത്തിന്റെയും, മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ദിനമായി ഭാരതീയർ ഈ ദിവസത്തെ സഫലമാക്കുന്നു.
മഹാത്മാഗാന്ധി തന്റെ പൊതു പ്രവർത്തനത്തിൽ ഉടനീളം മദ്യ വിപത്തിന്റെ വലിയ വിമർശകനും മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ്. മദ്യവും മയക്കുമരുന്നുകളും പൊതു സമൂഹത്തെ എത്രമാത്രം നശിപ്പിക്കുന്നു എന്നതിന് നാമെല്ലാം സാക്ഷികളാണ്.
മദ്യവിരുദ്ധ പ്രവർത്തകരുടെ ആവേശവും പ്രചോദനവുമായ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നാം ചെയ്യേണ്ട കർത്തവ്യങ്ങളുടെ അടിയന്തര സ്വഭാവം നമ്മെ ഓർമപ്പെടുത്തുന്നു. സർവമത പ്രാർഥനയിലും നിശബ്ദതയിലും ഉപവാസത്തിലും രക്തസാക്ഷിത്വ ദിനത്തെ നമുക്ക് അർഥപൂർണമാക്കാമെന്നും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആഹ്വാനം ചെയ്തു.