ബ്രൂവറി പദ്ധതിയിൽ വൻ അഴിമതി; ഘടക കക്ഷികളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ലെന്ന് ചെന്നിത്തല
Thursday, January 30, 2025 2:48 PM IST
ആലപ്പുഴ: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ വൻ അഴിമതിയെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ലെന്ന് ചെന്നിത്തല വിമർശിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാൻ അനുമതി നൽകിയത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകിയത് നടപടികള്‍ പാലിച്ചാണ്.
പരസ്യം നൽകി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയാറാക്കി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇപ്പോള്‍ മദ്യനയത്തിൽ മാറ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു.
2019നുശേഷം ബ്രൂവറി ആരംഭിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. നിയമസഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് നയം മാറ്റി വീണ്ടും എങ്ങനെ അനുമതി നൽകിയെന്നും ചെന്നിത്തല ചോദിച്ചു.
ഭൂഗര്‍ഭ ജലം ഉപയോഗിക്കാനാണ് കമ്പനിക്ക് ആദ്യം അനുമതി നൽകിയത്. ഇത് വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. എം.ബി.രാജേഷ് പറയുന്നത് പോലെയുളള മഴയൊന്നും പാലക്കാട്ട് ലഭിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.