കോഹ്ലി വീണ്ടും രഞ്ജിക്കുപ്പായത്തിൽ; ഡൽഹി ഇന്നു റയിൽവേയ്ക്കെതിരേ
Thursday, January 30, 2025 8:43 AM IST
ന്യൂഡൽഹി: പതിമൂന്നു വർഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനൊരുങ്ങി ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലി.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെത്തുടർന്ന് ഫോം വീണ്ടെടുക്കാനാണ് പതിറ്റാണ്ടിനുശേഷം കോഹ്ലി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് ഡിയിൽ റയിൽവേയ്ക്കെതിരേ വ്യാഴാഴ്ച അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ ഒന്‍പതിനാണു മത്സരം. കോഹ്ലിയുടെ വരവോടെ മത്സരവും ശ്രദ്ധയാകർഷിച്ചു.
മുപ്പത്തിയാറുകാരനായ കോഹ്ലി ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസീസിനെതിരേ എട്ടു പ്രാവശ്യം ബാറ്റിൽ എഡ്ജ് എടുത്ത് പുറത്തായിരുന്നു. ഇത്തരം പന്തുകളിൽ കൂടുതൽ ശ്രദ്ധയോടെ പരിശീലനം നടത്തിയ താരം ബാറ്റിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ഇന്നിറങ്ങുന്നത്.
സാധാരണ ഉപയോഗിച്ചിരുന്ന ബാറ്റുകളേക്കാൾ കട്ടികുറഞ്ഞ എഡ്ജുകളോടു കൂടിയ ബാറ്റിലാണുപരിശീലനം നടത്തിയത്. ഫ്രണ്ട് ഫുട്ട് സ്ട്രോക്ക്, ബാക്ക് ഓഫ് ലെങ്ത് ബോളുകളിൽ പരിശീലനം നടത്തിയ കോഹ്ലി പ്രതിരോധിച്ചും ആക്രമിച്ചും കളിച്ചു. സ്പിന്നും പേസും മാറിമാറി കളിച്ച താരം മികവോടെ ബാറ്റ് ചെയ്തത് ഇന്നത്തെ മത്സരത്തിൽ ഫോം കണ്ടെത്തുമെന്ന സൂചനയാണ്.
2006 നവംബറിൽ തമിഴ്നാടിനെതിരേ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്ലി 2012-13 സീസണിലാണ് അവസാനമായി കളിച്ചത്. ആറു വർഷത്തിനിടെ ആകെ 23 മത്സരങ്ങളടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് കരിയർ.
അരങ്ങേറ്റത്തിൽ പത്ത് റണ്‍സ് എടുത്ത് പുറത്തായെങ്കിലും പിന്നീടുള്ള 22 മത്സരങ്ങളിൽനിന്ന് അഞ്ച് സെഞ്ചുറിയും നിരവധി അർധസെഞ്ചുറിയുമടക്കം 36 ഇന്നിംഗ്സിൽനിന്നായി 50.77 ശരാശരിയിൽ 1574 റണ്‍സ് നേടി.
2010ൽ ബംഗാളിനെതിരേ 267 പന്തിൽ 173 റണ്‍സ് നേടി ആഭ്യന്തര ക്രിക്കറ്റിലെ ഉയർന്ന സ്കോർ നേടിയ കോഹ്ലി ഫോം കണ്ടെത്തി വിവാദങ്ങൾക്കു മറുപടിയുമായി ദേശീയ ടീമിലേക്കു തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.