ബ്രൂവറി വിവാദം: അനുമതി നൽകുമ്പോൾ മന്ത്രി കൃഷ്ണൻ കുട്ടി ജാഗ്രത കാണിച്ചില്ലെന്ന് ജെഡിഎസ് യോഗത്തിൽ വിമർശനം
Wednesday, January 29, 2025 11:54 PM IST
തിരുവനന്തപുരം: ബ്രൂവറി അനുമതിയിൽ വിശദമായ ചർച്ച വേണമെന്ന് ജെഡിഎസ്. അനുമതി നൽകുമ്പോൾ മന്ത്രി കെ. കൃഷ്ണൻ കുട്ടി ജാഗ്രത കാണിച്ചില്ലെന്നും വിമർശനം ഉയർന്നു. പാർട്ടി നേതൃ യോഗത്തിലാണ് വിമർശനം.
മന്ത്രിയെ മാറ്റണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന ആവശ്യത്തെ ചൊല്ലി ജെഡിഎസ് നേതൃയോഗത്തിൽ രൂക്ഷമായ വാക് പോരുണ്ടായി. പാർട്ടിക്ക് ഗുണം ചെയ്യാത്ത മന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത്തരം ചർച്ചകൾ വീറ്റോ ചെയ്യുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് വ്യക്തമാക്കി.
എന്നാൽ വീറ്റോ ചെയ്യാൻ ഇത് യുഎൻ സെക്യൂരിറ്റി കൗൺസിൽ അല്ലെന്നായിരുന്നു നേതാക്കളുടെ വിമർശനം. മന്ത്രിയെ മാറ്റിയാൽ പകരം ചുമതലയേൽക്കാൻ താനില്ലെന്നും മാത്യു.ടി.തോമസ് വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടെങ്കിൽ മന്ത്രി സ്ഥാനം ആർജെഡിക്ക് പോകുമെന്നും മാത്യു ടി തോമസ് വിശദീകരിച്ചു. ഇതോടെയാണ് ചർച്ചകൾക്ക് വിരാമമായത്.