നെന്മാറ ഇരട്ടക്കൊലപാതകം; എസ്എച്ച്ഒയ്ക്ക് പിഴവുണ്ടായെന്ന് എസ്പിയുടെ റിപ്പോർട്ട്
Tuesday, January 28, 2025 4:57 PM IST
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് നെന്മാറ എസ്എച്ച്ഒ എം. മഹേന്ദ്ര സിംഹന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ല. ഇത് ഗുരുതര പിഴവാണെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. നെന്മാറയിൽ പ്രവേശിക്കാൻ പ്രതിക്ക് വിലക്കുണ്ടായിരുന്നു.
ഈ വിലക്ക് ലംഘിച്ച് ഒരു മാസം പ്രതി നെന്മാറയിൽ താമസിച്ചിട്ടും എസ്എച്ച്ഒ നടപടി എടുത്തില്ലെന്നും എസ്പി അജിത് കുമാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ തുടരുകയാണ്.
ചെന്താമരയുടെ ജാമ്യാപേക്ഷ പോലീസ് കോടതിയില്‍ ശക്തമായി എതിര്‍ത്തിയിരുന്നു. ജാമ്യം ലഭിച്ചുകഴിഞ്ഞ് വീണ്ടും ഇളവ് തേടിയപ്പോഴും എതിര്‍ത്തു. എന്നാല്‍ കോടതി ജാമ്യ ഇളവ് അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.