രാധയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി പ്രതിഷേധവുമായി സിപിഎം
Tuesday, January 28, 2025 3:10 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. അരമണിക്കൂറോളം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച പ്രിയങ്ക അവരെ ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ടി. സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
അതേസമയം, രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്കയ്ക്കു നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മുദ്രാവാക്യങ്ങളുമായി എംപിയുടെ വാഹനവ്യൂഹത്തിന് നേരെയെത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം.
അതേസമയം കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും. ഇതിന് ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക.