കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം; ശിക്ഷായിളവിന് മന്ത്രിസഭാ തീരുമാനം
Tuesday, January 28, 2025 2:12 PM IST
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന് മോചനം. ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് തീരുമാനം.
ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങൾ പരിഗണിച്ച്, ജയിൽ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തിരിക്കുന്നത്.
2009 നവംബർ ഏഴിനാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിനായിരുന്നു ഒന്നാം പ്രതി. ഷെറിനും കാമുകനും ചേർന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതും സ്വത്തില്‍നിന്ന് ഒഴിവാക്കിയതുമായിരുന്നു പ്രകോപനം.
അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന് എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്.
ഭാസ്കര കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന് പീറ്ററിന്റെ ഭാര്യയാണ് ഷെറിന്. 2001ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ വിള്ളലുകളുണ്ടായി. ഒപ്പം ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭാസ്കര കാരണവരുടെ കൊലപാതകത്തിലാണ് കലാശിച്ചത്.