കഠിനംകുളം കൊലപാതകം: തെളിവെടുപ്പ് ഇന്നു തുടങ്ങും
Tuesday, January 28, 2025 11:49 AM IST
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിൽ അറസ്റ്റിലായ പ്രതി ജോണ്സണ് ഔസേപ്പിനെ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. തിങ്കളാഴ്ച രാത്രിയിലാണ് കോട്ടയത്തെ ആശുപത്രിയിൽ നിന്നും പോലീസ് സംഘം പ്രതിയെ കഠിനംകുളത്തേക്ക് എത്തിച്ചത്. ആതിരയെ കൊലപ്പെടുത്തിയ വീട്ടിലും പ്രതി വാടകക്ക് താമസിച്ചിരുന്ന പെരുമാതുറയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞയാഴ്ചയാണ് കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയായ ജോണ്സൺ ഔസേപ്പ് എന്ന രാജു കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിരയെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും റീൽസ് അയച്ചു തുടങ്ങിയ സൗഹൃദത്തിനൊടുവിൽ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് തന്നോട് വരണമെന്ന ജോണ്‍സന്റെ ആവശ്യം നിരാകരിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജോണ്‍സന്റെ ചിത്രങ്ങൾ പോലീസ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനെ തുടർന്നാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. കോട്ടയം ചിങ്ങവനത്തു വയോധികനെ പരിചരിക്കാൻ നിന്നിരുന്ന വീട്ടിൽ കൃത്യത്തിന് ശേഷം എത്തിയപ്പോൾ വീട്ടുകാരാണ് പോലീസിൽ അറിയിച്ച് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
പോലീസ് എത്തിയപ്പോൾ താൻ വിഷം കഴിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് സംഘം കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുളികകൾ അമിതമായി കഴിച്ചിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ആരോഗ്യം പൂർണമായി വീണ്ടെടുത്ത ശേഷം ഇയാളെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും ഡോക്ടർമാർ പോലീസിന് കൈമാറിയിരുന്നു. ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ ഏതാനും ദിവസങ്ങളായി കഴിഞ്ഞ് വന്നിരുന്നത്.
തിരുവനന്തപുരം റൂറൽ എസ്പി. സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാൽ, കഠിനംകുളം എസ്എച്ച്ഒ. സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.