കുഴൽപ്പണക്കേസ്: രഹസ്യമൊഴിയെടുത്തിട്ടും അന്വേഷണം വഴിമുട്ടി: തിരൂർ സതീഷ്
Tuesday, January 28, 2025 11:38 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തന്റെ രഹസ്യമൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടി നിൽക്കുകയാണെന്ന് ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ഇഡി അന്വേഷണത്തിൽ സാക്ഷിയായിരുന്ന തന്നെ മൊഴിയെടുക്കാൻ വിളിച്ചില്ലെന്നും സതീഷ് പറഞ്ഞു.
തനിക്കറിയാവുന്നതെല്ലാം 164 സ്റ്റേറ്റ്മെൻറായി കോടതിയിൽ പറഞ്ഞിട്ടുണ്ട്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻറെ നേതൃത്വത്തിലാണ് കുഴൽപ്പണം കടത്തിയതെന്ന് സതീഷ് ആവർത്തിച്ചു. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു. സംയുക്ത സംരംഭങ്ങളും തുടങ്ങി. ഇക്കാര്യങ്ങളുടെ രേഖകൾ താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.