സിഐടിയു തൊഴിലാളിയെ ആക്രമിച്ചെന്ന് പരാതി; കലാ രാജുവിന്റെ മകനെതിരേ കേസ്
Tuesday, January 28, 2025 11:06 AM IST
കൂത്താട്ടുകുളം: സിപിഎം തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മകനെതിരെ സിപിഎം പ്രവർത്തകനെ ആക്രമിച്ചതിനു കേസ്. കലയുടെ മകൻ ബാലു ഇയാളുടെ സുഹൃത്തുക്കളായ അഭിനവ് ഷാജി, എമിൽ റെജി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സിഐടിയു തൊഴിലാളിയായ പരാതിക്കാരനെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തു വച്ച് കമ്പി വടികൊണ്ട് ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. അതേസമയം ആക്രമണം നടന്നു എന്നു പറയുന്ന സമയത്ത് താൻ എറണാകുളത്തായിരുന്നു എന്ന് ബാലു പ്രതികരിച്ചു.
പോലീസ് സ്റ്റേഷനിൽ നിന്നു മറ്റ് എവിടേക്കും പോയിട്ടില്ല. പോലീസ് വാഹനത്തിലാണ് ആശുപത്രിയിൽ അമ്മയുടെ അടുത്ത് എത്തിച്ചത്. തന്റെ കുടുംബത്തോട് സിപിഎം പ്രതികാര നടപടി ആരംഭിച്ചു എന്നതിന് തെളിവാണിത്. ഇതിൽ ഭയമുണ്ടെന്നും ഇയാൾ പറഞ്ഞു.