നെന്മാറ ഇരട്ടക്കൊലപാതകം; പോലീസ് വീഴ്ചയില്‍ അന്വേഷണം
Tuesday, January 28, 2025 10:35 AM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പോലീസ് വീഴ്ചയില്‍ അന്വേഷണം. ഇക്കാര്യം അന്വേഷിച്ച് പാലക്കാട് എസ്പി ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയ സംഭവത്തിലാണ് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
നെന്മാറ പഞ്ചായത്തിന്റെ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഇത് ലംഘിച്ചുകൊണ്ടാണ് പ്രതി സ്വന്തം വീട്ടില്‍ വന്ന് താമസിച്ചത്. ഇത് കഴിഞ്ഞ ഡിസംബര്‍ 29ന് തന്നെ പോലീസിനെ അറിയിച്ചതാണ്.
ഇയാൾ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പോലീസിൽ പരാതിയും നൽകി. എന്നാൽ പോലീസ് താക്കീത് നല്കി വിട്ടയച്ചതല്ലാതെ ഇത് കോടതിയെ അറിയിക്കുകയോ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഇതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം.