എലപ്പുള്ളിയിലെ ബ്രൂവറി; എതിർപ്പുമായി സിപിഐ
Monday, January 27, 2025 10:12 PM IST
ആലപ്പുഴ: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയിൽ എതിർപ്പുമായി സിപിഐ. തങ്ങളുടെ നിലപാട് എൽഡിഎഫ് നേതൃത്തെ അറിയിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നിൽക്കാനാണ് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.
വികസനം ആവശ്യമാണെങ്കിലും അതിലും പ്രധാനം കുടിവെള്ളമാണ്. കുടിവെള്ള പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. ഭൂഗർഭജലമെടുക്കാതെയാണ് പദ്ധതിയുടെ നിർമാണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചതായി പാർട്ടി മന്ത്രിമാർ യോഗത്തെ അറിയിച്ചു.
പക്ഷേ ഭൂരിപക്ഷം അംഗങ്ങളും ആശങ്ക തീർക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി. അനുമതിക്ക് മുമ്പ് മുന്നണിയിൽ കാര്യമായ ചർച്ച നടന്നില്ലെന്നും വിമർശനം ഉയർന്നു.
ആശങ്ക എൽഡിഎഫ് നേതൃത്വത്ത അറിയിക്കാൻ പാർട്ടി നേതൃത്വത്തെ സംസ്ഥാന എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തി.