ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു; പോലീസ് കേസെടുത്തു
Monday, January 27, 2025 9:16 PM IST
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു. നാദാപുരം കല്ലാച്ചിയിലുണ്ടായ സംഭവത്തിൽ പോലീസ് കേസ് എടുത്തു.
കല്ലാച്ചിയില്‍ സംസ്ഥാന പാതക്ക് സമീപത്തെ എസ്ബിഐക്ക് മുന്പില് വച്ചാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും ഉള്‍പ്പെട്ട സംഘം ഏറ്റുമുട്ടിയത്. ബംഗാള്‍ സ്വദേശികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
കല്ലാച്ചി മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുമായി ആദ്യം ഒരു സ്ത്രീയും ഭര്‍ത്താവും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്.